ഫസ്ഖ് അല്ലെങ്കിൽ ഖുൽഅ് പോലുള്ള വാക്കുകളൊന്നും അന്ന് കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ത്വലാഖ് ചെയ്യപ്പെട്ട ഭാര്യയായി അവർ അവരുടെ കുരിശു ജീവിതം തുടർന്നു. വീട്ടുകാർ ഒരിക്കലും വേദനിപ്പിച്ചില്ലെങ്കിലും ‘നല്ലവരായ’നാട്ടുകാർ ആ ദൗത്യം ഭംഗിയായി നിറവേറ്റിയിരുന്നു. ആക്ഷേപങ്ങളും പരിഹാസങ്ങളും ഒരുപാട് കേട്ടു.
1988ലാണ് ഞങ്ങളുടെ കുടുംബത്തിൽ ഒരു വിവാഹമോചനം നടക്കുന്നത്. ഭർത്താവിന്റെ അവിഹിത ബന്ധങ്ങളും ശാരീരിക മാനസിക പീഡനങ്ങളും സഹിക്കവയ്യാതെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ടു വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയെ വീട്ടുകാർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഭർത്താവു മരിച്ച മൂത്ത സഹോദരിയും അവരുടെ മകനും പിന്നെ സ്വന്തം സഹോദരനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമെല്ലാം...