ഓരോ ജീവനും വിലപ്പെട്ടതാണ്

ഓരോ ജീവനും വിലപ്പെട്ടതാണ്

ഭരണകൂടവും അവർക്കു വേണ്ടി ദാസ്യവൃത്തി ചെയ്യുന്ന ശാസ്ത്രജ്ഞന്മാരും ചേർന്ന് ഊതിക്കെടുത്തിയ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് എം.എ റഹ്മാൻ്റെ ' ഓരോ ജീവനും വിലപ്പെട്ടതാണ് ' എന്ന പുസ്തകം. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ ദൈന്യവും നരകയാതനകളും പച്ചയായി കാട്ടിത്തരുന്ന 63 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഒരുജനതയ്ക്കു മേൽ വർഷങ്ങളോളം വിഷം വർഷിച്ച ഭരണഭീകരതയുടെ വിഷപ്പുക ആ മണ്ണിൽ ഇപ്പോഴും തളംകെട്ടിക്കിടപ്പുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി നടന്ന ഐതിഹാസിക പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുകയും ശക്തി പകരുകയും വിജയം വരെയും തുണ പോകുകയും ചെയ്ത വ്യക്തിത്വമാണ് എം.എ റഹ്മാൻ. എൻഡോസൾഫാൻ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രരേഖ കൂടിയാകുന്നു ഈ പുസ്തകം. കാസർകോടിൻ്റെ മണ്ണിൽ നരകയാതന അനുഭവിക്കുന്നവരുടെ ഇടയിലൂടെ യാഥാർത്ഥ്യമന്വേഷിച്ച് നടക്കുകയും മാറിമാറി ഭരിച്ച ഭരണകർത്താക്കളുടെ കുറ്റകരമായ നിസ്സംഗതക്കെതിരെ നടന്ന പോരാട്ടങ്ങളെ പ്രോജ്ജ്വലിപ്പിച്ച എഴുത്തുകാരൻ്റെ അനുഭവസാക്ഷ്യമാണ് ഇത്. വായനക്കാരുടെ ഉള്ളുനിറ്റുവാൻ പോന്ന ഈ ഗ്രന്ഥം ഭരണകൂടവും കോർപ്പറേറ്റുകളും തമ്മിലുള്ള ഒത്തുകളികളുടെയും മറത്തുകളികളുടെയും പാരിസ്ഥിതികാഘാതം കൂടി മറനീക്കിക്കാണിക്കുന്നു. രക്ഷകരുടെ വേഷത്തിലെത്തുന്ന കപട രുടെ മുഖങ്ങളും ഇതിൽ തെളിഞ്ഞുകാണാം. കാസർകോട്ടെ പിറക്കാതെ പോയ ഉണ്ണി കൾക്കും പിറന്നുപോയ അരജീവിതങ്ങൾക്കും സമർപ്പിച്ചിരിക്കുന്ന ഈ കൃതി കൈരളി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഈ ഗ്രന്ഥത്തിൻ്റെ ലാഭവിഹിതം എൻഡോസൾഫാൻ ഇരകൾക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. നെഞ്ചു പൊള്ളിക്കുന്ന ഒരു നോവലിനെപ്പോലെയോ അതിനുമുപരിയായോ ഈ ലേഖന സമാഹാരം നമ്മെ സ്തബ്ധരും തപ്തരുമാക്കും. വായനയെ ഇഷ്ടപ്പെടുന്നവർക്ക് ഇത് വായിച്ചില്ലെങ്കിൽ വലിയ നഷ്ടമെന്നത് വായിച്ചവരുടെ സാക്ഷ്യപത്രം. ജീവനുവേണ്ടിയുള്ള നിലവിളികളുടെയും പോരാട്ടങ്ങളുടെയും നേർക്കാഴ്ചയായ ഇതിലെ ഓരോ ലേഖനവും കൂരമ്പുപോലെ നമ്മുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങും. നമ്മുടെ വികലമായ വികസന സമീപനങ്ങളുടെ നേർക്ക് ഈ ഗ്രന്ഥം കൊഞ്ഞനം കുത്തുന്നുണ്ട്. കപട പരിസ്ഥിതിവാദികളെ ഈ പുസ്തകം പേടിപ്പിക്കുകയും ചെയ്യുമെന്നും പറയാതെ വയ്യ.

എം.എ.റഹ്മാൻ

Share this post

Leave a Reply

Your email address will not be published. Required fields are marked *


× How can I help you?