ഫസ്ഖ് അല്ലെങ്കിൽ ഖുൽഅ് പോലുള്ള വാക്കുകളൊന്നും അന്ന് കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ത്വലാഖ് ചെയ്യപ്പെട്ട ഭാര്യയായി അവർ അവരുടെ കുരിശു ജീവിതം തുടർന്നു. വീട്ടുകാർ ഒരിക്കലും വേദനിപ്പിച്ചില്ലെങ്കിലും ‘നല്ലവരായ’നാട്ടുകാർ ആ ദൗത്യം ഭംഗിയായി നിറവേറ്റിയിരുന്നു. ആക്ഷേപങ്ങളും പരിഹാസങ്ങളും ഒരുപാട് കേട്ടു.

1988ലാണ് ഞങ്ങളുടെ കുടുംബത്തിൽ ഒരു വിവാഹമോചനം നടക്കുന്നത്. ഭർത്താവിന്റെ അവിഹിത ബന്ധങ്ങളും ശാരീരിക മാനസിക പീഡനങ്ങളും സഹിക്കവയ്യാതെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ടു വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയെ വീട്ടുകാർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഭർത്താവു മരിച്ച മൂത്ത സഹോദരിയും അവരുടെ മകനും പിന്നെ സ്വന്തം സഹോദരനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമെല്ലാം ഒരുമിച്ചു താമസിയ്ക്കുന്ന ആ വീട് ഒരു മടിയും കൂടാതെ അവരെയും ഉൾക്കൊണ്ടു.
ഫസ്ഖ് അല്ലെങ്കിൽ ഖുൽഅ് പോലുള്ള വാക്കുകളൊന്നും അന്ന് കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ത്വലാഖ് ചെയ്യപ്പെട്ട ഭാര്യയായി അവർ അവരുടെ കുരിശു ജീവിതം തുടർന്നു. വീട്ടുകാർ ഒരിക്കലും വേദനിപ്പിച്ചില്ലെങ്കിലും ‘നല്ലവരായ’നാട്ടുകാർ ആ ദൗത്യം ഭംഗിയായി നിറവേറ്റിയിരുന്നു. ആക്ഷേപങ്ങളും പരിഹാസങ്ങളും ഒരുപാട് കേട്ടു. പലപ്പോഴും മനക്കരുത്ത് ചോർന്നു പോയി.ഇടയ്‌ക്കെങ്കിലും സമനില തെറ്റിപ്പോയി. ഒരു വീടു മുഴുവൻ സാന്ത്വനവുമായി കൂടെയുണ്ടായിട്ടും ചിലഅഭ്യുദ്ദയകാംക്ഷികളുടെ, ‘എന്തൊക്കെ പറഞ്ഞാലും ഓൻ മൊയി ചെല്ല്യേതല്ലേ ഓളെ, െവല്ലാണ്ട്ള്ള പുന്നാരിക്കലൊന്നും വേണ്ട’ എന്ന സാരോപദേശത്തിൽ അവർ നരകം കണ്ടിരുന്നു.ഭർതൃവീട്ടിൽ അവരനുഭവിച്ച പീഡന പരമ്പരകൾ,അവർക്കേറ്റ മുറിവുകൾ, തലവര കുറിച്ചു വച്ച ദൈവത്തിനു പോലും ഒരുപക്ഷേ അതിന്റെ ആഴമറിയാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
ജീവിതം ഒരു തരത്തിലും മുന്നോട്ടു കൊണ്ടു പോകാൻ പറ്റുന്നില്ലെന്ന് വന്നപ്പോഴാണ് അവർ സ്വന്തം വീട്ടിലേക്കു മടങ്ങിയത്. അതും വീട്ടുകാരുടെ പൂർണ്ണ പിന്തുണയോടെ. എന്നിട്ടും സമൂഹത്തിന്റെ കണ്ണിൽ അവരൊരു ഉപേക്ഷിക്കപ്പെട്ട ഭാര്യയായിരുന്നു. ഒന്നിനും കൊള്ളാത്തവൾ. ഭർത്താവ് എന്തൊക്കെ ചെയ്താലും അതെല്ലാം സഹിച്ചും ക്ഷമിച്ചും അവന്റെ കാൽച്ചോട്ടിൽ കടിച്ചു തൂങ്ങി കിടക്കണമെന്നും അങ്ങനെയുള്ള പെണ്ണുങ്ങൾക്കേ മരിച്ചാൽ സ്വർഗ്ഗം കിട്ടുകയുള്ളൂ എന്നും അന്ധമായി വിശ്വസിച്ചിരുന്ന കുറേ ‘കോലാടുക’ളുണ്ടായിരുന്നു അന്നും ഞങ്ങളുടെ സമൂഹത്തിൽ. ഇന്നുമുണ്ട്.
സ്ത്രീയ്ക്ക് ഭർത്താവിനെ ഉപേക്ഷിക്കാനുള്ള ഒരു നിയമമുണ്ടെന്നും ഖുൽഅ് എന്നാണ് ആ നിയമത്തിന്റെ പേരെന്നും അന്ന് ആരും ഞങ്ങൾക്കു പറഞ്ഞു തന്നിട്ടില്ല. അനേകായിരം വർഷങ്ങളായി മുസ്ലിങ്ങൾക്കിടയിൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട ഏറ്റവും അപരിചിതമായ, രഹസ്യമായ വാക്കായിരുന്നു ഖുൽഅ് എന്നത്.
1939 നിലവിൽ വന്ന Dissolution of Muslim marriage Act പ്രകാരം മുസ്ലിം സ്ത്രീക്ക് വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. പൂർണ്ണമായും ഇസ്ലാം ശരീഅത്തിനെ അവലംബിച്ചു കൊണ്ടുള്ള പ്രസ്തുത വിധി, കോടതിയ്ക്കു പുറത്തു വച്ചും സ്ത്രീയ്ക്കു പുരുഷനിൽ നിന്നും വിവാഹ മോചനം നേടാനുള്ള അവകാശം ഉപാധികളോടെ അനുവദിക്കുന്നുണ്ട്. എന്നിട്ടും എന്തു കൊണ്ട് ഇവിടുത്തെ മുസ്ലിം ജനത ഈ നിയമത്തെ കുറിച്ച് ഇത്രമേൽ അജ്ഞരായി?
പുരുഷാധിപത്യ, മതാധിപത്യ ശക്തികൾ കൈകാര്യം ചെയ്യുന്ന നിയമങ്ങൾ ഒരിക്കലും സ്ത്രീകൾക്ക് അനുകൂലമായി വരികയില്ലെന്നാണോ?
ഇസ്ലാമിൽ പുരുഷൻമാർ ഏക പക്ഷീയമായി നടത്താറുള്ള, ത്വലാഖിനു തുല്യമായ വിവാഹ മോചനാവകാശം സ്ത്രീയ്ക്കും അനുവദിക്കപ്പെട്ടിട്ടുണ്ട് ഖുൽഅ് ലൂടെ. വിവാഹ വേളയിൽ പുരുഷൻ നൽകിയ വിവാഹ സമ്മാനം (മഹർ) തിരിച്ചു കൊടുത്തു കൊണ്ട് അസന്തുഷ്ടമായ ദാമ്പത്യത്തിൽ നിന്നും മോചനം നേടാനുള്ള അവകാശം എന്നേ തങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേട്ടറിവു പോലുമില്ലാത്ത, ചിന്താ ശേഷിയും പ്രതികരണശേഷിയുമില്ലാത്ത പാവം പെണ്ണുങ്ങൾക്കു വേണ്ടിയുള്ളതാണ് എന്റെ ഈ പുസ്തകം.
അത്രയേറെ ലളിതമായ ഭാഷയിൽ, സങ്കീർണ്ണമായ യാതൊന്നും ഉൾപ്പെടുത്താതെ ഇതിവിടെയിങ്ങനെ രേഖപ്പെടുത്തി വച്ചത് നമുക്കു മുന്നിൽ എല്ലാ വഴികളും ഒരേ സമയം അടഞ്ഞു പോവുകയില്ലെന്ന് ഓർമ്മപ്പെടുത്താൻ കൂടിയാണ്. ഇനിയും കരഞ്ഞു കൊണ്ടേയിരിക്കരുതെന്ന്, കല്യാണച്ചന്തയിൽ വില പേശാൻ നിന്നു കൊടുക്കരുതെന്ന്, ജീവിതം നമ്മുടേത് മാത്രമാണെന്ന്, നേടിയാലും നഷ്ടപ്പെട്ടാലും ഫലം നമുക്കുള്ളതാണെന്ന്, അങ്ങനെ പലതും നിങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നുണ്ട്.
സജ്‌ന ഷാജഹാൻ
ഈ വിഷയത്തെ അധികരിച്ച് സജ്‌ന ഷാജഹാൻ എഴുതിയ ഖുൽഅ എന്ന നോവൽ വായിക്കുവാൻ


LEAVE A COMMENT