കണ്ണീർമഴ പെയ്യിച്ച് ഹണി ഭാസ്കറിന്റെ താലന്ത് പ്രകാശനം
ഷാർജ: ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവം റൈറ്റേഴ്‌സ് ഫോറത്തിൽ കണ്ണീർമഴ പെയ്ത ദിവസമായിരുന്നു താലന്ത് എന്ന ജീവചരിത്ര പുസ്തകപ്രകാശന മുഹൂർത്തം. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച യുവ എഴുത്തുകാരി ഹണി ഭാസ്കറിന്റെ “താലന്ത്” – ഫാദർ മനോജ് ഒറ്റപ്ലാക്കൽ ജീവിതം കല മാനവികത ദർശനം എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. താലന്ത് ഒരു ബിബ്ലിക്കൽ പദമാണെന്നും മൂല്യമേറിയത് എന്നാണ് അതിന്റെ അർത്ഥമെന്നും ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ജീവിതം മൂല്യങ്ങളുടെ വിളനിലമായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ വാഹനാപകടത്തിൽ വിട്ടുപിരിഞ്ഞ 38 വയസ്സുകാരനായ മനോജ് ഒറ്റപ്ലാക്കലിനെ കുറിച്ചുള്ള ഈ പുസ്തകം ഏറ്റുവാങ്ങി സംസാരിച്ചത് സഹോദരൻ ഫാദർ ജോജേഷ് പോൾ ഒറ്റപ്ലാക്കൽ ആയിരുന്നു. സഹോദരനെക്കുറിച്ചുള്ള അനുസ്മരണ ഭാഷണത്തിനിടയിൽ ഗദ്ഗദകണ്ഠനായപ്പോൾ സദസ്സ് ഒന്നടങ്കം കണ്ണീരണിഞ്ഞു.അഡ്വ. ആയിഷ സക്കീർ ഹുസൈൻ പുസ്തകപരിചയം നടത്തി. പ്രഭാഷകൻ പി.കെ. അനിൽകുമാർ, കൈരളി ബുക്ക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ സംസാരിച്ചു. ഗ്രന്ഥകാരിയും മനോജ് ഒറ്റപ്ലാക്കലിന്റെ സഹപാഠിയുമായ ഹണി ഭാസ്കർ ചടങ്ങിൽ മറുപടി ഭാഷണം നടത്തി.
Leave a Reply