എനിക്ക് മുമ്പേ റേഡിയോ മരിച്ചു പോകരുത് – നിസാർ സയ്യിദ്

ഷാർജ: എനിക്ക് മുമ്പേ റേഡിയോ മരിച്ചു പോകരുതെന്നും, റേഡിയോയെ നിലനിർത്തേണ്ടത് പുതിയ തലമുറയുടെ ദൗത്യമാണെന്നും ദുബായ് വാർത്താ ചീഫ് എഡിറ്റർ നിസാർ സയ്യിദ് അഭിപ്രായപ്പെട്ടു. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ജൈനിമോൾ കെ.വി.യുടെ “ഗൾഫ് മലയാളം റേഡിയോ ചരിത്രം” എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യർ സംസാരിക്കുന്നിടത്തോളം റേഡിയോ ജീവിക്കുമെന്ന് റേഡിയോ ഏഷ്യ പ്രോഗ്രാം മേധാവി സിന്ധു അഭിപ്രായപ്പെട്ടു. ഗൾഫ് റേഡിയോക്ക് 35 വർഷം തികയുന്ന ഈ കാലത്ത് ചരിത്ര പുസ്തകം വഴികാട്ടിയാകുമെന്ന് റേഡിയോ ഏഷ്യയിലെ ജയലക്ഷ്മി സൂചിപ്പിച്ചു. ക്ലബ് എഫ് എം പ്രോഗ്രാം മേധാവി ഡോ. നീന, ഗോൾഡ് എഫ് എം ആർ ജെ ദീപ എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്രി ഡോ. ജൈനിമോൾ മറുപടി പ്രസംഗം നടത്തി. ആർ ജെ രമേഷ് (റേഡിയോ മാംഗോ) ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ അശോക് കുമാർ, സുകുമാരൻ പെരിയച്ചൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Leave a Reply