ഹൃദയ മർമ്മരങ്ങൾ

ഹൃദയ മർമ്മരങ്ങൾ

ഹൃദയമർമ്മരങ്ങളുടെ വായനാനുഭവങ്ങൾ
താജ് മൻസൂർ .ടി യുടെ വാക്കുകളിലൂടെ

കളഞ്ഞുപോയ അനുഭവമാണ് പിന്നീട് എഴുത്തായി മുളയ്ക്കുക .വായാനാനുഭവം നൽകാൻ കെൽപ്പുള്ള കാവ്യഭാഷ കൂടിയുണ്ടെ കിൽ വായനക്കാരൻ തൃപ്തനാകും .വായനക്ക്‌ ഒട്ടും ഭാരം തോന്നുകയില്ല ഉളളടക്കത്തിന്റെ കനം അയാൾ അറിയാതെ സ്വാംശീകരിക്കുകയും ചെയ്യും . സ്വജീവിത സന്ധികളെ പ്രവാചക ജീവിതത്തിൽ നിന്നുള്ള സവിശേഷ സന്ദർഭങ്ങളോട് ബന്ധപ്പെടുത്തി ജീവിതത്തിന്റെ ആന്തരിക തത്വം പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തിൽ .

168 പുറങ്ങളിൽ 52 കുറിപ്പുകൾ അടങ്ങിയതാണ് കൈരളീ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.

സോഫോക്ളീസ് അതിസുന്ദരനും ആരോഗദൃഢഗാത്രനും ഏതൻസിലെ ഭരണസഭയിൽ അത്യന്തം ബഹുമാന്യമായ സ്ഥാനം അലങ്കരിച്ച വ്യക്തിയുമായിരുന്നു. തൊണ്ണൂറ്റിയഞ്ചു വയസുവരെ അദ്ദേഹം ജീവിച്ചിരുന്നു.ജീവിതത്തിൽ ഒരുതരത്തിലുമുള്ള പ്രയാസങ്ങളും അനുഭവിച്ചിരുന്നില്ല, ‘അറിയാതെ ജനനിയെപ്പരിണയിച്ച യവന തരുണന്റെ കഥ’ യായ ‘ഈഡിപ്പസ്’ നാടകത്രയമെഴുതിയ സോഫോക്ലിസിന്റെ നാടകം ,രണ്ടായിരത്തിഅഞ്ഞൂറ് വർഷങ്ങൾക്കിപ്പുറവും ഉൾക്കിടിലത്തോടെയും അത്ഭുതാദരത്തോടെയും വിസ്മയത്തോടെയും നാം ആ നാടകത്രയം വായിക്കുന്നു കോടിക്കോടി വായനക്കാർ !

വാത്മീകി പൂർവ്വാശ്രമത്തിൽ കള്ളനായിരുന്നതിൽ പിന്നെയാണ് സർവ്വസംഗ പരിത്യാഗിയായത്.ഗ്രീക്ക് ഇതാഹാസകാരൻ,ഹോമറോ അന്ധനുമായിരുന്നു. കപില വസ്തുവിൽ പിറന്ന ഗൗതമബുദ്ധൻ ജന്മനാ ഒരു സാമ്രാജ്യം സ്വായത്തമായവനും.

വ്യക്തിപരമായ ദു:ഖങ്ങളോ ദുരിതാനു ഭവങ്ങളുടെ സൂചിക്കുഴലിലൂടെയുള്ള യാത്രയോ സുഖാനുഭവങ്ങളുടെ പറുദീസാ പ്രയാണമോ അല്ല ഒരാളെ എഴുത്തുകാരനാക്കുന്നത്. അത് അയാൾ സർഗാത്മകതയെ തിരിച്ചറിഞ്ഞ്, പരിപോഷിപ്പിക്കുമ്പോഴാണ് ഒരാൾ മികച്ച എഴുത്തുകാരനാകുന്നത്.
കണ്ണീരിനാൽ അവനിവാഴ്‌വ് കഷ്ടമായിത്തീർന്ന ജീവിതങ്ങളെ പിന്തുടരുന്ന കവിയാണ് റഫീഖ് ബിൻ മൊയ്തു.

തൊഴിൽകൊണ്ട് ബിസിനസ്സ് കാരനാണ്.അതിന്റെ അലങ്കാരങ്ങൾ അയാളിൽ ഇല്ല തന്നെ.അലസനിമിഷങ്ങൾക്ക് ചാരുത നൽകാൻ വായനയാകമെന്നേയുള്ളൂ. പക്ഷേ അയാൾ ഗൗരവപൂർവ്വം തന്റെ ജീവിതത്തേയും കാരുണ്യത്തോടെ അപരജീവിതത്തേയും കാണാൻ തുടങ്ങിയതോടെ, ഈ ജന്മത്താൽ മറ്റൊരു ജീവിതം സാധ്യമാണ് എന്നു കണ്ടെത്തുകയാണ്. ഈ ഉൾക്കാഴ്ച്ച ലഭിച്ചതോടെ അയാൾ കാണുന്നതും സ്പർശിക്കുന്നതുമെല്ലാം ജീവനുറ്റതും സർഗാത്മകവുമാകുകയായി.
‘മനുഷ്യത്വത്തെ തേടുകയും ജീവിതത്തിന്റെ പൊരുളറിയാൻ ശ്രമിക്കുകയും ‘ ചെയ്യുന്ന ഒരാളിന്റെ ആത്മഭാഷണമാണ് ‘ഹൃദയ മർമരങ്ങൾ’എന്ന പുസ്തകം.അവതാരികാകാരൻ പി സുരേന്ദ്രൻ ഇതിലെ പ്രതിപാദ്യത്തെ സുന്ദരഗദ്യത്തിൽ സംക്ഷേപിച്ചിട്ടുണ്ട്.
A book of introspection എന്നും
കാരുണ്യത്തിന്റെ
പശ്ചാതാപത്തിന്റെ പൊറുക്കലിന്റെ സഹനത്തിന്റെ പുസ്തകം എന്നും ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം.

“ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമായൊരു
കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായി
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി..” (ലളിതം. പി പി രാമചന്ദ്രൻ )
അത്രമേൽ ഉദാരചിന്തയും വശ്യവചസ്സുമായി ജീവിക്കുന്ന ഒരുവനാണ് ഈ ഗ്രന്ഥകാരൻ.

ദൈവിക സാന്നിദ്ധ്യം അനുഭവിക്കുന്നതിനുള്ള പാത ഉള്ളിൽ നിന്ന് ആരംഭിക്കുന്നു. സ്വയം തിരിച്ചറിയുന്നവൻ ദൈവത്തെയും സാക്ഷാത്കരിക്കുന്നു. ദൈവം നമുക്കരികിൽ സന്നിഹിതനാണ്. എന്നാൽ അജ്ഞതയുടെ തിരശ്ശീലകൾ നമ്മുടെ കണ്ണുകളെ മൂടുകയും ഹൃദയം തുരുമ്പ് പിടിച്ചതു പോലെ അടയുകയും ചെയ്തതിനാൽ വ്യക്തികൾക്ക് സർവ്വശക്തനെ കാണാൻ കഴിയുന്നില്ല. സാധാരണ മനുഷ്യൻ അഹംഭാവിയാണ്. തന്‍റെ ഹൃദയം പരിശുദ്ധമാക്കുകയും നഫ്സിനെ ശുദ്ധീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ മൂടിയ തിരശ്ശീലകൾ ഉയരുകയുള്ളൂ.ഉൾ വെളിച്ചത്താൽ തിരശ്ശീലകൾ ഉയരുമ്പോൾ കാണുന്ന ലോകം നാം അതുവരെ കണ്ട ലോകമല്ല. ആറാമിന്ദ്രിയത്താൽ അനുഭവങ്ങൾ, മൂന്നാം കണ്ണാൽ കാഴ്ചകൾ കാണാൻ കഴിയുന്നു ഒരുവന്. പുണ്യപ്രവാചകന്റെ കാൽനഖേന്ദുപിന്തുടരുന്ന ശരീരമായി മർത്യൻ മാറുന്നു.
വാക്കും പൊരുളും ഭിന്നമല്ല. വാക്കും പ്രവർത്തിയും ഭിന്നമല്ല. എല്ലാം പരമ്പൊരുളിന്റെ ദിവ്യപ്രകാശത്തിൽ തെളിയും. ചുണ്ടിൽ മന്ദഹാസം വിരിയും.

ഈ പുസ്തകം
ഒട്ടും ഇമോഷണലല്ല എന്ന് തോന്നുകയും പലപ്പോഴും അത് തിരുത്തേണ്ടി വരികയും ചെയ്യുന്ന ഒന്നത്രേ.

വൈകാരികസ്ഥിരത ജീവിതകാലത്തുടനീളം സ്ഥിരമായിരിക്കേണ്ട ഒന്നല്ല എന്ന തിരിച്ചറിവുണ്ടായിട്ടും മനപ്പൂർവമല്ലാതെ തന്നെ പലപ്പോഴും കല്ലുപോലെ നിലപാടെടുക്കേണ്ടി വരുന്ന സന്ദർഭങ്ങൾ നേരിടുന്ന,

പലർക്കും സുഹൃത്താവുകയും സുഹൃത്തല്ലാതാവുകയും സുഹൃത്തിനെപ്പോലെയാവുകയും സുഹൃത്തെന്ന് ഭാവിക്കുകയുമൊക്കെ ചെയ്യേണ്ട സന്ദർഭങ്ങൾ നേരിടേണ്ടിവരുമ്പോൾ,

സോറി പറയേണ്ടുന്ന പല സന്ദർഭങ്ങളിലും വായിലോളമെത്തിയ ക്ഷമാപണം വിഴുങ്ങി, അതിലെ യുക്തിഭദ്രത ചുഴിഞ്ഞുനോക്കിയ മനുഷ്യർ എന്ന നിലയിൽ

സ്നേഹിക്കപ്പെടുമ്പോളും സ്നേഹിക്കുമ്പോഴുമെല്ലാം അതുതന്നെയല്ലേ സംഭവിക്കുന്നതെന്ന് ഒരാവർത്തിയെങ്കിലും ആലോചിച്ചുപോയ സന്ദർഭങ്ങൾ ഉണ്ടായവർ എന്ന നിലയിൽ

കൃത്യമായ നിർവചനം അറിഞ്ഞിരുന്നിട്ടും അറിവും തിരിച്ചറിവും തമ്മിൽ ഇടയ്ക്കിടെ മാറിപ്പോകുന്ന മനുഷ്യർ എന്ന നിലയിൽ

ചരിത്രബോധമുണ്ടെന്ന് വിശ്വസിക്കുമ്പോൾത്തന്നെ അബോധത്തിലമർന്ന ചരിത്രം ഇടയ്ക്കൊക്കെ പുറത്തുചാടി ആത്മവിശ്വാസം തകരുന്ന സമകാല ലോക ചരിത്രം എന്ന നിലയിൽ

ഹൃദയത്തിലെടുത്തുവച്ച ചുരുക്കം മനുഷ്യർക്കുപോലും പലപ്പോഴും അതിൽ സംശയം തോന്നുന്നവിധം പെരുമാറിക്കളയുന്ന സംശയസ്പദ സന്ദർഭം സൃഷ്ടിക്കപ്പെടുമ്പോൾ

കരയുന്നത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യമാണെന്ന് ഉറച്ച് വിശ്വസിക്കുമ്പോൾത്തന്നെ കരച്ചിലടക്കുന്ന ജനിതകം വിട്ടുപോകാത്ത മനുഷ്യർ എന്ന നിലയിൽ

മനസിലാക്കിയ പല കാര്യങ്ങളും പറയാതിരിക്കുകയും ഒരിക്കലും പറയേണ്ടാത്ത കാര്യങ്ങൾ പറഞ്ഞ് ഇടയ്ക്കിടെ കലപില കൂടുകയും ചെയ്തുപോരുന്ന എത്രയെത്ര സന്ദർഭങ്ങൾ

ഓർക്കപ്പുറത്തെ ഉമ്മ പോലെ ഉള്ളിലെവിടെയോ കിടക്കുന്ന കുട്ടിയിലൂടെ ചില ദോഷങ്ങളെങ്കിലും മായ്ച്ചുകളയാൻ പറ്റുന്ന ഒരാളെന്ന നിലയിൽ

“അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ” എന്നറിമായിരുന്നിട്ടും അങ്ങനെ പറ്റിയില്ലല്ലോ എന്നറിയുന്ന ഒരാളെന്ന നിലയിൽ

മുറിവ് വേദനിപ്പിക്കും.
അലിവ് അതിലേറെ
വേദനിപ്പിക്കും എന്ന ബോധ്യം ഉണ്ടായി വന്ന ഒരാളെന്ന നിലയിൽ

വാക്കും പ്രവർത്തിയും
നോക്കും സ്പർശവും ഒന്നായിരിക്കണമെന്ന് വിചാരിച്ചിട്ട് തെറ്റിയല്ലോ, അങ്ങനെയായിരുന്നില്ലല്ലോ ദൈവമേ… എന്റെ പ്രവാചകൻ,എന്റെ ഉപ്പ എന്ന വിവേകം വൈകിയുണരുന്ന ഒരാളെന്ന നിലയിൽ

സർവ്വോപരി
മരിച്ചുപോയ മാതാപിതാക്കൾ നടന്ന ചരൽപാതയും പിന്നെ വന്നുചേർന്ന ശീതളിമയും ഓർമയിൽ സൂക്ഷിക്കുന്ന, അവരെപ്രതി മരണംപോലും അനുഗ്രമായേക്കാം എന്നുകരുതുന്ന , ഒരു കരയുന്ന കുഞ്ഞെന്ന നിലയിലൊക്കെയുള്ള ഹൃദയനിസ്വനങ്ങളാണ് ‘ഹൃദയമർമരങ്ങൾ’ എന്നാണ് എന്റെ വായനാനുഭവം. പ്രവാചകദൗത്യസരണിയാണ്, Islamic Self improvement ഗണത്തിൽ പെടുത്താവുന്ന ഈ ഗ്രന്ഥത്തിന്റെ വഴി.ചില പുസ്തകങ്ങളുണ്ടല്ലോ, വായിച്ചുകഴിഞ്ഞും മരം പെയ്യുമ്പോലെ മനസ്സിൽ പെയ്തുതോരാതെ, ഹൃദയത്തെ മതിച്ചുകൊണ്ടിരിക്കുന്ന ജാതിയിൽ.
ഹോൺഡിങ് എക്സ്പീരിയൻസ് എന്നാണ് നാം അമ്മാതിരി പുസ്തകത്തെ വാഴ്ത്താറ്. അപൂർവ്വമാണ് ആ ഇനം. ഇത് അമ്മാതിരി ഒരു പുസ്തകമാണ് ഹൃദയമർമരങ്ങൾ.

LEAVE A COMMENT

Your email address will not be published. Required fields are marked *


× How can I help you?