ഇന്ദ്രിയങ്ങൾക്ക് അനുഭൂതി പകർന്ന് ‘ഐന്ദ്രികം’
ഒരു ബസ് യാത്രയിലൂടെയാണ് ‘ഐന്ദ്രിക’ത്തിന്റെ യാത്രയും തുടങ്ങുന്നത്. ഇത് ഒരു നോവലാണ്. എന്നാൽ വായിച്ചു മുന്നേറവേ ഇതിൽ നിന്നും എട്ടു സ്ത്രീകഥാപാത്രങ്ങൾ അഗ്രഹാരത്തിന്റെ ജീർണ്ണതകളെ ഭേദിച്ചുകൊണ്ട് തെരുവിലേക്കിറങ്ങി വന്നു. അവിടെ നിന്നും ഈ വായനക്കാരിയുടെ മനസ്സിനുള്ളിലേക്കും.
എട്ടു കത്തുകളിലൂടെയാണ് എട്ടു സ്ത്രീ കഥാപാത്രങ്ങൾ നമുക്ക് മുന്നിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. അതാകട്ടെ ഒരു നോവലിനുള്ളിലെ എട്ടു ചെറുകഥകൾ എന്നു തരംതിരിക്കാൻ പോന്നവയാണ്. വാസ്തവത്തിൽ നമ്മുടെ അഗ്രഹാരത്തെരുവുകളിലെ ഓരോ വീടുകൾക്കും ഇത്തരത്തിൽ ഓരോ കഥകൾ പറയാനുണ്ടാകും. മലയാളവും തമിഴും കലർന്ന അവരുടെ പ്രത്യേക ഭാഷയും പ്രഭാതങ്ങളിലും സായന്തനങ്ങളിലും ആ തെരുവിൽ നിന്നുമുയരുന്ന പ്രത്യേക ഗന്ധവും ജനജീവിതവും എഴുത്തുകാരി നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. ജനിച്ചു വളർന്നത് അഗ്രഹാരമുള്ള നാട്ടിലാണ് എന്ന ഒരു പ്രത്യേകതയും എഴുത്തുകാരിക്കുണ്ട്.
ഇതിൽ പ്രധാനമായും എട്ടു സ്ത്രീകഥാപാത്രങ്ങളാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിലും മറ്റു സ്ത്രീകഥാപാത്രങ്ങളും അണിനിരക്കുന്നുണ്ട്. അവരിൽ ‘അഴകി’ എന്ന കഥാപാത്രം എടുത്തു പറയേണ്ടുന്ന ഒന്നാണ്. അഴകി കഥയിലൂടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. അവരിലൂടെ പാലക്കാടൻ രുചിഭേദങ്ങൾ കഥാനായകനോടൊപ്പം നമ്മെയും തേടിയെത്തുന്നുണ്ട്. അവർ ചൂടോടെ വാഴയിലയിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗന്ധം മറ്റാർക്കൊക്കെ അനുഭവിക്കാൻ കഴിഞ്ഞു എന്നെനിക്കറിയില്ല, പക്ഷേ, എനിക്ക് അത് ആവോളം നുകരാൻ കഴിഞ്ഞു എന്ന് സത്യസന്ധതയോടെ പറയട്ടെ.
ഏട്ടാമത്തെ സ്ത്രീ കഥാപാത്രത്തിലേക്ക് എത്തുമ്പോഴാണ് യഥാർത്ഥത്തിൽ നോവലിനു കാരണമാകുന്ന കഥയുടെ ചുരുളഴിയുന്നത്. മറ്റുള്ള കഥകളൊക്കെയും അതിലേക്കുള്ള ചൂണ്ടു പലകകളായിരുന്നു. കഥാതന്തുവിലേക്ക് ഞാൻ നടക്കുന്നില്ല. അത് ഞാൻ ഇനിയുള്ള വായനക്കാർക്കായി മാറ്റിവയ്ക്കുന്നു. ഈയടുത്ത കാലത്തായി ഞാൻ വായിച്ച നോവലുകളിൽ നിന്നൊക്കെ ‘ഐന്ദ്രികം ‘ വേറിട്ടു നിൽക്കുന്നു. എഴുത്തുകാരിയുടെ ‘പദ്മദ്യുതം’ എന്ന നോവലിനെ ചേർത്തു നിർത്തി നോക്കിയാൽ തികച്ചും വ്യത്യസ്തമായ പ്രമേയമാണ്. പേരു കൊണ്ട് പദ്മദ്യുതം പോലെയൊരു മിസ്റ്ററി ത്രില്ലർ ആകും എന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ വായിച്ചു മുന്നേറിയപ്പോഴാണ് പുസ്തകത്തിന്റെ പേര് എങ്ങനെയാണ് ഉടലെടുത്തത് എന്ന് മനസ്സിലാകുന്നത്.
സ്മിത എന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ തൂലികയിൽ നിന്നും ഇനിയും ഇനിയും കൃതികൾ സൃഷ്ടിക്കപ്പെടട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഒപ്പം പുസ്തകം വായിക്കാൻ അല്പം താമസം നേരിട്ടതിൽ ക്ഷമയും ചോദിക്കുന്നു. ‘ഐന്ദ്രികം ‘ എന്ന സ്മിതയുടെ നോവൽ പുറത്തിറക്കിയിരിക്കുന്നത് കൈരളി ബുക്സ് ആണ്. പുസ്തകത്തിന്റെ ഒരുപാട് പതിപ്പുകൾ പുറത്തിറക്കാൻ കൈരളി ബുക്സിന് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
സസ്നേഹം
രാകേന്ദു അജിത് ✍️
LEAVE A COMMENT