ഷാർജ: മലയാള ചലച്ചിത്ര ഗാന ശാഖ രവീന്ദ്രസംഗീതത്തിലൂടെ കാലത്തെ അതിജീവിച്ചുകൊണ്ട് ഓരോ മലയാളിയുടെയും മനസ്സിൽ കുടികൊള്ളുകയാണെന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകൻ ബിജു നാരായണൻ അഭിപ്രായപ്പെട്ടു. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച അനശ്വര സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രന്റെ ആത്മകഥയായ “ഒരു മുളംതണ്ട് മുരളികയായപ്പോൾ” പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പത്തുവെളുപ്പിനു മുറ്റത്തുനിൽക്കണ…” എന്ന ഗാനം തന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് പ്രസ്തുത ഗാനം ആലപിച്ചുകൊണ്ട് ബിജു നാരായണൻ രവീന്ദ്രൻ മാസ്റ്ററെ സ്മരിച്ചു. ജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യാൻ രവീന്ദ്രന്റെ ജീവിതവും സംഗീതവും തനിക്ക് കരുത്ത് പകരുന്നതാണെന്നും ഒന്നുമല്ലാതിരുന്ന ഒരു മുളംതണ്ടിനെ മുരളികയെന്നപോലെ, തന്റെ ജീവിതത്തെ പരിവർത്തനപ്പെടുത്തിയ ഒരു അസാമാന്യ പ്രതിഭയാണ് രവീന്ദ്രൻ മാസ്റ്റർ എന്ന് മറുപടി പ്രസംഗത്തിൽ ഗ്രന്ഥകാരി ശോഭന രവീന്ദ്രൻ പറഞ്ഞു.
പ്രശസ്ത നോവലിസ്റ്റ് മുരളീമോഹൻ കെ.വി. പുസ്തകം ഏറ്റുവാങ്ങി. ഇ.ടി. പ്രകാശ് (മാതൃഭൂമി, യു.എ.ഇ.), എഴുത്തുകാരി അംബുജം കടമ്പൂർ, കൈരളി ബുക്‌സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply