പ്രിയ എഴുത്തുകാരി നീത സുഭാഷിൻ്റെ ഏഴാമത്തെ രചനയായ “കുംഭാര കോളനി” യെ കുറിച്ച് എറണാകുളത്തുള്ള അദ്ധ്യാപിക അജി സുരേന്ദ്രൻ എഴുതുന്നു

പ്രിയ എഴുത്തുകാരി നീത സുഭാഷിൻ്റെ ഏഴാമത്തെ രചനയായ “കുംഭാര കോളനി” യെ കുറിച്ച് എറണാകുളത്തുള്ള അദ്ധ്യാപിക അജി സുരേന്ദ്രൻ എഴുതുന്നു

മനുഷ്യമനസ്സിൻ്റെ വിഹ്വലതകളെ വ്യക്തമായ് വരച്ചുകാട്ടുന്നു തൻ്റെ രചനയായ കുംഭാര കോളനിയിലൂടെ..
നാം ചിന്തിക്കുന്നതിനും അപ്പുറമാണ് ജീവിതം നമുക്ക് നൽകുന്നത്. ജീവിതത്തിൽ ആകസ്മികമായ് സംഭവിക്കുന്ന പ്രശ്നങ്ങളെ വളരെ തീവ്രതയോടെ നവഭാവമായ് വായനക്കാരിലേക്ക് പകർന്നു നൽകുന്നു… ഭാഷാ പ്രയോഗം കൊണ്ടും ,മനുഷ്യ മനസിൻ്റെ സങ്കീർണതകൾ അതിൻ്റെ ഭംഗി ഒട്ടും തന്നെ ചോർന്നു പോകാതെയുള്ള അവതരണം കൊണ്ടും അവർ എഴുത്തിൽ വ്യത്യസ്തയാകുന്നു…

പ്രായത്തിനും നാം വിലമതിക്കുന്ന സൗന്ദര്യത്തിനുമപ്പുറം സ്നേഹത്തിൻ്റെ പവിത്രത കുംഭാര കോളനിയിൽ നമുക്ക് ദർശിക്കാൻ കഴിയുന്നു… കേന്ദ്രകഥാപാത്രമായ അമിഷ ഒരു നോവായ് പടരുകയും അവരുടെ മൂന്ന് ജീവിത ഘട്ടങ്ങളെ’ വായനക്കാരൻ്റെ മനസിലേക്ക് തന്മയത്വത്തോടെ നിറച്ചു വയ്ക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞു. ബത് ലഹേം പൊരുൾ തേടി, റോസ് പെറ്റൽസ്, കുംഭാര കോളനി എന്നീ മൂന്നു ഭാഗങ്ങളായ് നോവൽ നമ്മെ വായനയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
സമാന ലിംഗത്തിൽ പെട്ടവർ തമ്മിലുള്ള പ്രണയവും ആസ്വാദനവും “കുംഭാര കോളനി” യിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബത് ലഹേം പൊരുൾതേടി എന്ന ആദ്യഭാഗം
അനുവാചക മനസ്സുകളെ ഏറ്റവും ഉദ്യോഗജനകമായ സന്ദർഭങ്ങളിലേക്ക് എത്തിക്കുന്നു. അമിഷ- ബെൻസി പ്രണയവും, അവളുടെ അമ്മയുടെ ആകസ്മിക മരണവും, അചഛനും സുകന്യയും.വൈഗയുമെല്ലാം സ്ത്രീ മനസ്സിൻ്റെ നിശബ്ദമായ വിഹ്വലതകൾ മാത്രം..തുടർന്ന് വരുന്ന അമിഷ-ദിലീപ് വിവാഹവും ,പിന്നീട് അമിതയുടെയും ഫെർണാണ്ടസിൻ്റെയും ബത് ലഹേമിലൂടെ അനീറ്റയിലും നാം എത്തിച്ചേരുമ്പോൾ കാണാൻ കഴിയുന്നത് വിസ്മയകരമായ കാഴ്ചകളാണ്… ഓരോ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് അവരുടെ ഉളളിലേക്ക് നാമെത്തുന്നു..

ഈ നോവലിലെ വ്യത്യസ്തമായ ഒരു ഭാഗം ഇതാണ്… ആ ദിവസത്തെ പത്രം വായിക്കുന്നതിനിടെ കണ്ണിൽപ്പെട്ടതാണ് വ്യത്യസ്തമെന്ന് തോന്നിക്കുന്ന പരസ്യം. ആ പരസ്യത്തിലൂടെ കണ്ണുകൾ ഓടിച്ചു. സ്നേഹിക്കാൻ ഒരു കൂട്ട് ആവശ്യമുണ്ട്…

പേര്: ഗബ്രിയേൽ ഫെർണാണ്ടസ്

വയസ്സ് 55

ജോലി അഡ്വക്കേറ്റ്

സാമ്പത്തികം ഭദ്രം

ആകാരം വിരൂപൻ

കോൺടാക്ട് ചെയ്യാനുള്ള നമ്പറും കൊടുത്തിരിക്കുന്നു…!

സോക്രട്ടീസ് പറഞ്ഞതുപോലെ ഒരു വസ്തു ഏതെങ്കിലും നന്മയ്ക്കുതകുന്നതാണെങ്കിൽ അത് സുന്ദരവുമാണ്.ഗബ്രിയേൽ ഫെർണാണ്ടസ് എന്ന വിരൂപനായഅൻപത്തിയഞ്ചുകാരൻ മലയാളനോവൽ ചരിത്രത്തിലെ സുന്ദര കഥാപാത്രമായ് മാറുമ്പോൾ അമിഷ എന്ന ലെസ്ബിയൻ വികാരജീവി ശക്തമായ ഫെമിനിസ്റ്റ് കഥാപാത്രവുമായ് വായനയെ ഊഷ്മളമാക്കുന്നു.

രണ്ടാം ഭാഗമായ റോസ്പെറ്റൽസ് ഏറെ മനോഹരമായ ഒരിടമാകുന്നു .സമാന ലിംഗത്തിൽപ്പെട്ടവർ തമ്മിലുണ്ടാകുന്ന പ്രണയവും ആസ്വാദനവും ഒരു വഴിത്തിരിവാകുന്നു. രൂപഭംഗി പ്രണയത്തിനാധാരമല്ലെന്നും അത് ആത്മാവിൻ്റെ ഭാഷയാണെന്നും… പൊതു സമൂഹത്തിന് മുന്നിൽ വരച്ചുകാട്ടുന്നു…..

മൂന്നാം ഭാഗമായ കുംഭാര കോളനിയിലേക്ക് നാം എത്തി ചേരുമ്പോൾ തന്മയത്വമുള്ള നേർക്കാഴ്ചകളാണ് കാണാൻ കഴിഞ്ഞത്. നരവംശ ശാസ്ത്രപരമായി പ്രാധാന്യം അർഹിക്കുന്ന ന്യൂനപക്ഷ സമൂഹമായ കുംഭരൻമാരുടെ ജീവിതം ഭംഗിയായ് ഇവിടെ ചേർത്തു വച്ചിരിക്കുന്നു. മനസ്സിൻ്റെ ഇടങ്ങളിലേക്ക് എത്ര വേഗമാണ് കുംഭാരനിവാസികൾ കടന്നു വന്ന് സ്ഥാനം പിടിച്ചത്.

തൻ്റെ പിഴവാണ് മകൾക്ക് സംഭവിച്ച ദുരിതമെന്ന് സ്വയം പശ്ചാത്തപിച്ച് അർദ്ധ നിശയിലും ഉച്ചിയിലുദിച്ച സൂര്യൻ്റെ താപമേറ്റെന്ന പോലെ ഉരുകിയൊലിക്കുന്നു. മരണപ്പെട്ടിട്ടും മകൾക്ക് കാവലായ വെങ്കിടാചലപതിയെന്ന അച്ഛൻ എവിടെ തിരഞ്ഞാലും കാണുന്ന ശൂന്യതയിൽ തപ്പിത്തടയുകയാണ്..ഭാഷാനൈപുണ്യവും, പ്രമേയത്തിലെ നവഭാവവും അഭിനന്ദനീയം തന്നെ.. അമിഷയും, റോസ് പെറ്റൽസും ആവന്തിയും മനസ്സിൽ ശക്തമായ സത്രീരൂപമായ് തിളങ്ങി നിൽക്കുന്നു…!

ഈ നോവലിൻ്റെ പ്രമേയത്തിനായ് നീത സുബാഷ് പാകപ്പെടുത്തി എടുക്കുന്ന മൺ ഭാവങ്ങൾ ദൈവിക സ്പർശം കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ മനസ്സിനെ സ്പർശിക്കാൻ കഴിയുന്ന മികച്ച വായനാനുഭവമായ് മാറ്റാൻ അവർക്ക് കഴിഞ്ഞു. എല്ലാരും കുംഭാര കോളനിയുടെ അകത്തളങ്ങളിലേക്ക് കടന്നു വരുക…!

നീത ക്ക് ഹൃദയപൂർവ്വം ആശംസകൾ…

LEAVE A COMMENT

Your email address will not be published. Required fields are marked *


× How can I help you?