ജനനി ശ്രേഷ്ഠ ഭാഷ പുരസ്‌കാരം ലഭിച്ച സ്നൂപ വിനോദിന്റെ നോവൽ ‘അവൾ സുജാത’ ‘*നിഗൂഢാവിഷ്കാരത്തിന്റെ *വന്യ സൗന്ദര്യം
തന്റെ മുജ്ജന്മത്തെ അന്വേഷിച്ചിറങ്ങിയ പെൺകുട്ടി.മനസ്സിൽ ആരുമറിയാതെ സൂക്ഷിച്ച ഇരുപത്തിരണ്ടു വർഷങ്ങളുടെ പ്രണയകഥ പറഞ്ഞ് സ്നൂപ വിനോദ്. ജനനി ശ്രേഷ്ഠ ഭാഷ പുരസ്‌കാരം ലഭിച്ച സ്നൂപ വിനോദിന്റെ നോവൽ ‘അവൾ സുജാത’ ‘*നിഗൂഢാവിഷ്കാരത്തിന്റെ *
വന്യ സൗന്ദര്യം
സാഹിത്യരചനകളുടെ ആസ്വാദ്യത നിഗൂഢതയിലും പൊതിഞ്ഞു പറയുന്നതിലുമാണ്. ഏതൊരു കൃതിയും അതിന്‍റെ കരുത്ത് തെളിയിക്കുന്നത് ഇത്തരം ചില നിഗൂഢാവിഷ്കാരങ്ങളിലൂടെയാണ്. ആ രഹസ്യഭാഷയിലാണ് കല പതിഞ്ഞിരിക്കുന്നത്. എഴുത്തുകാരനെ/എഴുത്തുകാരിയെ ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും ഇത്തരമൊരു ഭാഷ തന്നെ. ആനന്ദാനുഭൂതികള്‍ പൊതിഞ്ഞു വെച്ച്, അതിലേയ്ക്ക് വായനക്കാരെ അടുപ്പിക്കുന്ന വിദ്യയാണ് സാഹിത്യമെഴുത്ത്. അതിന് ഭാഷയുടെ കരുത്തും അന്തരീക്ഷസൃഷ്ടിയുടെ ഊഷ്മളതയും പരിചിതമായ വിഷയങ്ങളിലൂടെയുള്ള സഞ്ചാരവും വേണം. അനുഭൂതിയുടെ വിടരലോടെ മറെറാരു തലത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകാനും ഉയര്‍ത്താനും കഴിയണം. കലയുടെ, നിഗൂഢാവിഷ്കാരത്തിന്‍റെ തിളക്കം ആസ്വാദകരില്‍ തട്ടി മിന്നുകയും അതിന്‍െറ ശോഭ ആനന്ദമായി നിലനിൽക്കുകയും വേണം. അതുകൊണ്ടാണ് ജീവിതം വെറുതെ പറഞ്ഞു പോയാല്‍ അതൊരിക്കലും സാഹിത്യമാവില്ല എന്നു പറയാന്‍ കാരണം.
നിഗൂഢഭാഷയിലൂടെ, ദൈവീക സാന്നിധ്യത്തിലേക്കും പ്രണയിനിയിലേക്കുമുള്ള തീര്‍ഥയാത്രയായി ചില നോവലുകള്‍ വായിച്ചെടുക്കാനാവുന്നത് അതുകൊണ്ടാണ്. മനസ്സുമായി ബന്ധപ്പെട്ടതെല്ലാം നിഗൂഢമാവുമ്പോള്‍ ആത്മപ്രകാശനം പോലും മിസ്ററിസമാണെന്ന് മനസിലാവും. സ്പാനിഷ് എഴുത്തുകാരന്‍ ഹവിയര്‍ മരിയാസിന്‍റെ രചനകളില്‍ നിഗൂഢതയുടെ സൗന്ദര്യമാണ് ഏറെയുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍, തുറന്നെഴുത്തുകളേക്കാള്‍ ചന്തവും ഗന്ധവും എപ്പോഴും പൊതിഞ്ഞു പറയുന്നതിനാണെന്ന് വ്യക്തം. ഇത്തരമൊരു ആത്മചൈതന്യം തുളുമ്പുന്ന മനോഹരമായ നോവലാണ് സ്നൂപ വിനോദിൻറെ ‘അവള്‍ സുജാത’. ഹൃദ്യവും ചേതോഹരവുമായ ഭാഷയില്‍ താന്‍ ജീവിച്ചു തീര്‍ത്ത കാലത്തേയും കണ്ടു തീര്‍ത്ത സ്വപ്നങ്ങളേയും ദൃശ്യചാരുത ഒട്ടും ചോര്‍ന്നു പോകാതെ അക്ഷരങ്ങള്‍ കൊണ്ട് കൊത്തിവെക്കുകയാണ് നോവലിസ്ററ്. നിലവിലുള്ള നോവല്‍ സങ്കേതത്തില്‍ നിന്നും രൂപഘടനകളില്‍ നിന്നും തീര്‍ത്തും കുതറിത്തെറിച്ച് തൻറെ ബോധ്യങ്ങളും അനുഭവങ്ങളും മറയില്ലാതെ തുറന്നു പറയുമ്പോള്‍ വായനക്കാരില്‍ നിഗൂഢാനന്ദം ജനിക്കുന്നു. അതിലൂടെ നോവലിലേക്ക് കടന്നു ചെല്ലുമ്പോള്‍ ഒരുപാട് വേറിട്ട ഇടങ്ങള്‍ സ്നൂപ കാണിച്ചു തരുന്നു. സ്വപ്നമേത് യാഥാര്‍ഥ്യമേത് എന്നറിയാതെ ഒന്നമ്പരക്കുമെങ്കിലും ഭാഷയുടെയും ശൈലിയുടെയും മാസ്മരികതയില്‍ ഒരു പൂ വിടരും പോലെ നോവല്‍ വികസിച്ചു വരുന്നത് കാണാം. സത്യത്തില്‍ ഇത്തരമൊരു അനുഭൂതിയാണ് അവള്‍ സുജാത എന്ന നോവല്‍ വായന.
പാപ്പാത്തി എന്ന കുട്ടി, സുജാത എന്ന പ്രണയിനിലേക്ക് നീന്തിപ്പോകുന്ന ഓരോ ജീവിത ചിത്രങ്ങളും ഏറെ കൗതുകം ജനിപ്പിക്കുന്നു. കുട്ടിക്കാലത്തെ തിക്താനുഭവങ്ങളിലൂടെ സഞ്ചരിച്ചും തറവാടും മുററവും പ്രകൃതിയും കാററും മഴയും നിലാവും കുളിരും എല്ലാം അനുഭവിച്ചറഞ്ഞ് സുജാതയെന്ന കരുത്തുററ സ്ത്രീയിലെത്തുമ്പോള്‍ താനാരാണെന്നും എന്താണ് ഈ ജീവിതമെന്നും അന്വേഷിക്കാന്‍ തുടങ്ങുന്നു. അതിലൂടെ സുജാതയുടെ പ്രണയവും രതിയും പ്രകൃതിയും മറെറാരുപാട് കഥാപാത്രങ്ങളും കടന്നു വന്ന് വായനക്കാരെ സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനുമിടയില്‍പ്പെടുത്തി വിസ്മയപ്പെടുത്തുന്നു. കാലത്തെ എങ്ങനെയാണ് പ്രണയത്തിലൂടെ മറികടക്കുക എന്ന അന്വേഷണം കുടിയാണ് ഈ നോവലെന്നും പറയാം. ജീവിതത്തോടുള്ള കടുത്ത ആസക്തിയും രതിയും പ്രണയവും ഉള്‍ച്ചേരുമ്പോഴുണ്ടാവുന്ന വന്യമായ വിസ്ഫോടനവും നോവലില്‍ പല ഭാഗത്തും വായിച്ചെടുക്കാനാവും. മനസ്സിൻറെ ആകാശവിശാലതയിലേക്കുള്ള പറക്കല്‍ കൂടിയാണ് ‘അവള്‍ സുജാത’.
ആററിക്കുറുക്കിയെടുത്ത കവിതയിററുന്ന ഭാഷയിലൂടെ ഗന്ധര്‍വ്വസമാനമായ അന്തരീക്ഷം സൃഷ്ടിച്ച്, പോയ കാലത്തേയും വരും കാലത്തേയും തിരിച്ചു പിടിക്കുകയാണ് എഴുത്തുകാരി. നോവലിലെ നായകനും നായികയും സുജാതയും രംഗനുമാണെന്ന് പറയാമെങ്കിലും യഥാര്‍ഥത്തില്‍ പ്രകൃതിയാണ് നായകന്‍. അത്രമാത്രം തീവ്രവും ഇഴചേര്‍ന്നുമാണ് നോവലില്‍ പ്രകൃതി കടന്നു വരുന്നത്. ജനിച്ചു വളര്‍ന്ന തറവാടും ചുററുപാടും ആവിഷ്കരിക്കുമ്പോള്‍ സ്നൂപ എന്ന എഴുത്തുകാരിയുടെ വരികളില്‍ പോയ കാലത്തിൻറെ കടുത്ത ഏകാന്തതയും അവഗണനയും മുഴച്ചു നില്‍ക്കുന്നത് കാണാനാവും. നായിക സുജാതയുടെ അച്ഛനെക്കുറിച്ചുള്ള നിഗൂഢതയും ദുരൂഹതയും തെളിഞ്ഞു വരുന്നതും എടുത്തു പറയേണ്ടതു തന്നെ. അമ്മയോടുള്ള ഇഷ്ടവും അനിഷ്ടവും നോവലിലുണ്ട്. ഇങ്ങനെ, വളരെ കുറഞ്ഞ കഥാപാത്രങ്ങളിലൂടെയാണ് ഈ നോവല്‍ വികസിക്കുന്നത്. ഉന്തുവണ്ടിയില്‍ നിറമുള്ള ചാന്തും കുപ്പിവളകളൂം നിറച്ച് മണിയും കിലുക്കി ദൂരെനിന്നെത്തുന്ന പൂപ്പ, തലയില്‍ കുട്ട നിറയെ ആവി പാറുന്ന ഇടിയപ്പവുമായി കുരിയന്‍ മല ഇറങ്ങി ബുധനാഴ്ചകളില്‍ തറവാട്ടിലേക്കെത്തുന്ന തട്ടമിട്ട മാലാഖ സൈനബ താത്ത, കൊച്ചുവീട്ടിലെ കാണാരേട്ടന്‍, വല്ല്യമ്മയുടെ ചികില്‍സതേടിയെത്തുന്ന സൂസമ്മ, ചൂണ്ട കല്ല്യാണി എന്നു വിളിച്ച് പരിഹസിക്കുന്ന മുത്തശി, ഇടയ്ക്ക് തറവാട്ടിലെത്തുന്ന കളരിയിലെ ആശാത്തി, ഹോസ്ററല്‍മേററ് ഇന്ദു തുടങ്ങി സ്വപ്നത്തിലൊ ജീവിതത്തിലോ അതോ രണ്ടിടത്തും ഒരുപോലെയോ കടന്നു വരുന്ന രംഗന്‍ തുടങ്ങി തിളക്കമാര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ് സ്നൂപ തൻറെ വിചാരങ്ങളും വികാരങ്ങളും അനുഭവങ്ങളും പ്രതിഷേധങ്ങളും സ്വപ്നങ്ങളും പറഞ്ഞുവെക്കുന്നത്.
കേരളവും ഹരിയാനയും ഡല്‍ഹിയും കാശിയും തുടങ്ങി പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായി നോവൽ ഭൂമിക പടര്‍ന്നു കിടക്കുന്നു. വിഭ്രാത്മകതയും പ്രണയരാജകുമാരനെത്തേടിയുള്ള അന്വേഷണവുമാണ് നോവലിൻറെ അന്തസ്സത്ത. തീര്‍ത്തും ആ അന്വേഷണം വൃഥാ ആണെന്നറിഞ്ഞിട്ടും തെല്ലും നിരാശകൂടാതെ അന്വേഷണം തുടരാനും പ്രണയത്തെ സ്വപ്നത്തിലൂടെ ആവാഹിച്ചനുഭവിക്കാനും സുജാതയ്ക്ക് കഴിയുന്നു. ഇവിടെയാണ് നോവല്‍ പ്രത്യാശയുടെ തെളിച്ചമായി മാറുന്നതും ജീവിതത്തിന് പുതിയൊരു സന്ദേശം പകരുന്നതും. സ്ത്രീജീവിതത്തിൻറെ എല്ലാ വികാരവിചാരങ്ങളിലേക്കും കടന്നുചെല്ലാനും അവരുടെ നിസ്സംഗതയും ഒററപ്പെടലും അതിജീവനവും പരിചയപ്പെടുത്താനും നോവല്‍ എന്ന സങ്കേതം ഉപയോഗിക്കുന്നു എന്നു മാത്രം. നിലവിലുള്ള നോവല്‍ സങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്ന നോവലാണ് അവള്‍ സുജാത. എഴുത്തുകാരിയുടെ ബാല്യമാണ് പാപ്പാത്തിയിലൂടെ അവതരിപ്പിക്കുന്നതെങ്കിലും മുജ്ജന്‍മത്തിലെ ജീവിതാവിഷ്കാരമാണ് സുജാത. ഒരേ സമയം, നോവലായും ആത്മകഥയായും മറെറാരു ലോകത്തെ ജീവിതമായും ഈ നോവല്‍ വായിച്ചെടുക്കാനാവുന്നു.
നോവലിലെ ഭാഷയും ബിംബസമൃദ്ധിയും ശൈലിയും പുതുമ പ്രധാനം ചെയ്യുന്നു എന്നുള്ളതല്ല, പ്രകൃതിയോടും പാരമ്പര്യത്തോടും ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നു എന്നതാണ് എടുത്തു പറയേണ്ട ഒരു സവിശേഷത. പാരമ്പര്യത്തെ അംഗീകരിച്ചുകൊണ്ടു തന്നെ പുതിയ കാലത്തേക്കുള്ള വഴി തെളിയിക്കുക കൂടി ചെയ്യുന്നു സ്നൂപ വിനോദ്. അതുതന്നെയാണ് അവള്‍ സുജാത എന്ന എന്ന നോവലിൻറെ പ്രസക്തിയും സൗന്ദര്യവും. മലയാളിയെ ആർദ്രമായി വശീകരിച്ച സേതുവിൻറെ പാണ്ഡവപുരം, പി പത്മരാജൻറെ പ്രതിമയും രാജകുമാരിയും മാധവിക്കുട്ടിയുടെ എൻറെ കഥ എന്നിവ വായിച്ചാസ്വദിച്ചവര്‍ക്കു വരെ ഒരു പക്ഷെ, സ്നൂപയുടെ അവള്‍ സുജാത ചെറിയൊരു ഞെട്ടലുണ്ടാക്കിയേക്കാമെങ്കിലും തീര്‍ച്ചയായും ഈ എഴുത്തുകാരിയുടെ ബോധാബോധക്കുറിപ്പുകളിലെ ജീവരക്തം കാണാതിരിക്കില്ല. അതുകൊണ്ടു തന്നെ, അവള്‍ സുജാത എന്ന തൻറെ ആദ്യ നോവലിലൂടെ വായനക്കാരുടെ മനസ്സില്‍ അനായാസം കയറിയിരിക്കാന്‍ സ്നൂപ വിനോദിന് കഴിഞ്ഞു എന്നതിന് ഈ നോവല്‍ സാക്ഷ്യം.
*
അബു ഇരിങ്ങാട്ടിരി
LEAVE A COMMENT